തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമൽ ഹാസൻ വിജയാശംസകൾ നേർന്നത്. സഖാവ് വിജയൻ വിജയിക്കട്ടെ , കേരളവും വിജയിക്കും. ഇതാണ് തൻ്റെ അഭിപ്രായമെന്ന് കമൽ കുറിച്ചു.എല്ലാറ്റിനുമുപരി, കേരളം ‘എന്റെയും കേരളമാണ്’ എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ അവരുടെ ചിന്താഗതിയാൽ എന്നെ ഒരു പുറം നാട്ടുകാരനായി മുദ്രകുത്തിയാലും, കേരളത്തോടുള്ള എന്റെ വൈകാരിക ബന്ധം എന്നും നിലനിൽക്കും. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ, ഞാൻ ഉൾപ്പെടെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ ഒരു ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ശുഭാശംസകൾ നേരാനും അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും- അദ്ദേഹം കുറിച്ചു.
ഭരണതുടർച്ച ആശംസിച്ച കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കമൽഹാസന്റെ ആശംസയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും നിങ്ങൾ കേരളത്തിന് അന്യനല്ല എന്നും മുഖ്യമന്ത്രി കുറിച്ചു. കമൽഹാസന്റെ ആശംസാകുറിപ്പ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
‘കമൽഹാസൻ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും നിരന്തര പിന്തുണയ്ക്കും നന്ദി. നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല. കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതുകൂടിയാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും ഒരിക്കലും അന്യരല്ല. ജനക്ഷേമത്തിലും യഥാർത്ഥ വികസനത്തിലും ഉറച്ചുനിന്ന് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. ഒരുമിച്ച്, പുരോഗമന മനോഭാവം നിലനിർത്താം. അതെ, കേരളം തീർച്ചയായും വിജയിക്കും’ എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
Kamalahasan








































