കണ്ണൂർ: ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ രാജഗിരിക്കടുത്ത് റോഡരികിലെ ക്വാറിയിൽനിന്നു കൂറ്റൻ പാറകൾ റോഡിലേക്ക് ഉരുണ്ടിറങ്ങി; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൊട്ടടുത്ത് വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഈ റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. രാജഗിരി കബനി ബ്ലൂ മെറ്റൽസ് ക്വാറിയിൽനിന്നു പാറകൾ ഉരുണ്ടിറങ്ങിയത്. പാറകൾ റോഡിൽ അമർന്നിരുന്നതും രക്ഷയായി. താഴെ ഒട്ടേറെ വീടുകളുണ്ട്.ലൈനിലേക്കു നീണ്ട മരക്കൊമ്പുകൾ വെട്ടാനെത്തിയ വൈദ്യുതി ജീവനക്കാരും തിരഞ്ഞെടുപ്പു ജോലിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. ഇവർ നിന്നിടത്തുനിന്നു 10 മീറ്റർ മാറിയാണു പാറകൾ പതിച്ചത്. സമീപം 2 വാഹനങ്ങളുമുണ്ടായിരുന്നു. 150 മീറ്ററോളം ഉരുണ്ട പാറകൾ വന്ന വഴിയിലെ തെങ്ങും മരങ്ങളും 2 വൈദ്യുതത്തൂണുകളും തകർത്തശേഷമാണു റോഡിലേക്കു വീണത്. പാറകൾ വീണിടത്തു വലിയ കുഴികൾ രൂപപ്പെട്ടു. വൈദ്യുതിയും നിലച്ചു.നാട്ടുകാരുടെ സമരത്തെത്തുടർന്ന് അടച്ച ക്വാറി ഈയിടെയാണ് തുറന്നത്. ജനങ്ങളുടെ എതിർപ്പു മറികടന്ന് ക്വാറിക്കു പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്താതെ പാറകൾ റോഡിൽനിന്നു നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്തും ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും. ഗതാഗതം നിലച്ചതോടെ ജോസ്ഗിരി ഭാഗത്തെ ജനങ്ങൾക്കു പുറംലോകവുമായി ബന്ധപ്പെടാനാകാത്ത സ്‌ഥിതിയാണ്.
Cherupuzharajagiriroad






































