കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. 12 ജില്ലകള്‍ക്കാണ് ഉയര്‍ന്ന താപനിലാ മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റ് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇറുകിയ വസ്ത്രങ്ങളും ഇരുണ്ട നിറങ്ങളിലുള്ള കട്ടിയുള്ള വസ്ത്രങ്ങളും ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. നാളെ വരെ ഇതേ താപനിലാ മുന്നറിയിപ്പ് തുടരും. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനിലയായ 38 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് രേഖപ്പെടുത്തി.
Heavyheat







































