തിരുവനന്തപുരം : വേനൽച്ചൂട് കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും സർവകാല റിക്കാർഡിൽ. ചരിത്രത്തിലാദ്യമായി പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കഴിഞ്ഞ ദിവസം 5933 മെഗാവാട്ട് ആയി ഉയർന്നു. ഒപ്പം പ്രതിദിന ഉപയോഗം 112.16 ദശലക്ഷം യൂണിറ്റായും വർധിച്ചു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഏപ്രിലിലെ പ്രതിദിന ഉപയോഗത്തേക്കാൾ എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വർഷത്തെ പ്രതിദിന ഉപയോഗം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയിലെ ഇന്ധന സർചാർജിലും ഇത് പ്രതിഫലിച്ചേക്കും. ഈ മാസം ഇതുവരെ മൂന്നു ദിവസം മാത്രമാണ് പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് കടക്കാതിരുന്നത്.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ടായി ഉയർന്നത് കെഎസ്ഇബിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ആവശ്യകത 6000 മെഗാവാ ട്ടിനു മുകളിലെത്തിയാൽ വൈദ്യുതി വിതരണ സംവിധാനം തകരാറിലാകുമെന്നാണ് ആശങ്ക.വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനാൽ എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വർധിച്ചതാണ് ഉപയോഗം കുതിച്ചുയരാൻ കാരണമാകുന്നത്. പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ എല്ലാവരും തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Kseb



.jpeg)





.jpeg)






























