കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശങ്കരനല്ലൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പ്രാരംഭം കുറിക്കുന്ന നെയ്യാട്ടത്തിന്റെ ഭാഗമായാണ് നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കുന്നത്. പ്രാക്കുളം മുതൽ വ്രതമെടുത്ത് നിൽക്കുന്ന നെയ്യമൃത് സംഘം കഴിഞ്ഞ ദിവസം കലശം കുളിച്ച് മഠങ്ങളിൽ കയറിയിരുന്നു. ശങ്കരനെല്ലൂർ ചന്ത്രോത്ത് വലിയ വീട്ടിൽ മഠത്തിൽ 21 പേരാണ് വൃതമെടുത്ത് മഠത്തിൽ കയറിയത്.കൈതേരി നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ കലശം കുളിച്ച ശേഷം ആചാര അനുഷ്ഠാനങ്ങളോടെ 5 ദിവസമാണ് മഠത്തിൽ തങ്ങുക. പ്രത്യേകം ശേഖരിക്കുന്ന എരോപ്പകൈതോല പലകയിൽ വച്ച് തല്ലി പതം വരുത്തും , പിന്നീട് ചിരട്ട കൊണ്ട് ഉരച്ചാണ് കയറിനുള്ള നാര് തയ്യാറാക്കുന്നത്. ഇത് പിന്നീട് വിദഗ്ധമായി പിരിച്ച് കയറുണ്ടാക്കും. ഇങ്ങനെ തയ്യാറാക്കുന്ന കയർ ഉപയോഗിച്ചാണ് നെയ് കിണ്ടി കെട്ടുക. പ്രത്യേകം തയ്യാറാക്കുന്ന നെയ്യ് കിണ്ടികളിൽ നിറയ്ക്കും. ചൊവ്വാഴ്ച്ച രാവിലെയാണ് ശങ്കരനല്ലൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള സംഘം കാൽ നടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിക്കുക. ചെല്ലട്ട രാഘവൻ , സി.ആർ.സത്യേഷ്, ലിജീഷ് കരിയാടൻ, ടി.ഗംഗാധരൻ എന്നിവരാണ് സംഘത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.ചൊവ്വാഴ്ച തില്ലങ്കേരി ക്ഷേത്രത്തിൽ തങ്ങുന്ന സംഘം ബുധനാഴ്ച മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. പിന്നീട് വിളിപ്പാലൻ വലിയകുറുപ്പ്, തമ്മേ ങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ ഉൾപ്പെടുന്ന സംഘത്തിനൊപ്പമാണ് യാത്ര . 28 ന് അർദ്ധരാത്രിയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കുക. നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
Content Highlight: Kottiyoorulsav







































