കേളകം: കൊട്ടിയൂർ വൈശാഖ മഹോൽസവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് സമസ്ത മേഖലക്കും പ്രതികൂലമായി മാറുന്ന സാഹചര്യത്തിൽ മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിഹാര നിർദ്ദേശം സമർപ്പിച്ചു. മന്ദം ചേരി, മണത്തണ, മഞ്ഞളാംപുറം എന്നി മൂന്ന് ജംഗ്ഷനുകൾക്ക് പ്രാധാന്യം നൽകി കൊണ്ട് 16 കി.മീറ്റർ ദൂരത്തിൽ വൺവേ സംവിധാനം നിർദ്ദേശിക്കുന്ന ഈ പ്ലാൻ വയനാട് ഭാഗത്തുനിന്നും അമ്പായത്തോട് വഴി വരുന്ന വാഹനങ്ങൾ ഉൽസവ നഗരിയുടെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ പ്രവേശിച്ച് ഗതാഗത കുരുക്ക് രൂഷമാകുന്നത് തടയുകയും, മന്ദം ചേരി ജംഗ്ഷനിൽ നിന്നും അമ്പായത്തോടിലേക്കുള്ള പഴയ കാല റോഡ് വികസിപ്പിച്ച് മാത്യു തോട് ഭാഗംവഴി മെയിൻ റോഡിലെത്തി കിഴക്കുനിന്നുള്ള വാഹനങ്ങളെ വൺവേ ആയി തിരിച്ചുവിടാനും , വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് അമ്പായത്തോട് കണ്ടപ്പുനം ഭാഗങ്ങളിൽ മതിയായ പാർക്കിംഗ് സ്ഥലവും നിർദ്ദേശിക്കുന്നുണ്ട്.
ഉൽസവ നഗരിയുടെ ഏറ്റവും തിരക്കേറിയ ഭാഗമായ പാമ്പറപ്പാൻ മുതൽ മന്ദം ചേരി വരെയുള്ള മെയിൻ റോഡ് ഭാഗത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഷേത്രത്തിൻ്റെ പടിഞ്ഞാറുനിന്നും കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ കൂടി ചേരാതെ രണ്ട് ദിശയിലേക്ക് വൺവേ സംവിധാനത്തിലൂടെ വഴി തിരിച്ചു വിടുക എന്നതാണ് പ്രധാന നിർദ്ദേശം.

ഇതിൻ പ്രകാരം കേളകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തിരികെ പോകാൻ മന്ദം ചേരി പാലം വഴി മണത്തണയിൽ എത്തുകയും അവിടെ നിന്നും വഴിതിരിയുന്ന നാല് പ്രാധാന റോഡുകളായ - (1)
തൊണ്ടി തെറ്റു വഴി നെടുമ്പോയ് റോഡിലൂടെ - കൂത്തുപറമ്പ് തലശ്ശേരി, കോഴിക്കോട് ഭാഗത്തേക്കും - (2) പേരാവൂർ മാലൂർ റോഡിലൂടെ - മട്ടന്നൂർ കണ്ണൂർ ഭാഗത്തേക്കും.(3) ഹാജി റോഡ് ഇരിട്ടി വഴി - തളി പറമ്പ്, കാസർഗോഡ്, മംഗലാപുരം ഭാഗത്തേക്കും. (4) മണത്തണ എടൂർ വള്ളിത്തോട് വഴി - കൂർഗിലേക്കും , കർണ്ണാടകയുടെ മറ്റ് ഭാഗങ്ങളിലേക്കും വാഹനങ്ങളെ തിരിച്ചുവിടാനും നിർദ്ദേശിക്കുന്നു .
അതുപോലെ പേരാവൂർ നിന്നും നെടുമ്പോയ് കൊളക്കാട് വഴിയും മഞ്ഞളാം പുറം ജഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ഉൽസവ നഗരിയിലേക്ക് മെയിൻ റോഡിലൂടെ വൺവേ ആയി പോകാനും .അങ്ങനെ മഞ്ഞളാംപുറം ജംഗ്ഷനിൽ നിന്നും കൊട്ടിയൂർ ക്ഷേത്രം വരെയും തിരിച്ച് മന്ദം ചേരി പാലം കയറി മണത്തണ വരെയും വരുന്ന 16കി.മീറ്റർ ദൂരത്തിൽ വൺവേ സംവിധാനം ഒരുക്കുകയും - വയനാട് ഭാഗത്തു നിന്നും വാഹനങ്ങളെ മന്ദം ചേരി ജംഗ്ഷനിൽ നിന്നും അമ്പായത്തോട് പഴയ റോഡ് വഴി വൺവേ ആയി വിടാനും കഴിഞ്ഞാൽ നിലവിലുള്ള റോഡ് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഗതാഗത കുരുക്കുകൾ പരിഹരിക്കാനാകുമെന്ന് മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി കൺവീനർ ബോബി സിറിയക്ക് പറയുന്നു. മന്ദം ചേരിക്കും മണത്തണക്കും ഇടയിലുള്ള ഏഴ് പാലങ്ങളിലൂടെ മെയിൻ റോഡിൽ നിന്നും സമാന്തര പാതയിലേക്ക് വൺവേ സംവിധാനം തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയും, ഉൽസവകാലത്ത് പ്രാദേശികവാസികൾക്ക് യുറ്റേൺ ആയി മെയിൻ റോഡിൽ നിന്നും തിരിച്ച് സമാന്തര പാതയിൽ നിന്നും വിവിധ പാലങ്ങളിലൂടെ വൺവേ നിലനിർത്തി തന്നെ യാത്ര ചെയ്യാനും പോലീസ് ശ്രദ്ധ നൽകിയാൽ ഈ സംവിധാനം ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ സമ്പൂർണ്ണ വിജയമായിരിക്കുമെന്നും ആക്ഷൻ കമ്മിറ്റി അവകാശപ്പടുന്നു. മണത്തണ , മഞ്ഞളാം പുറം, മന്ദം ചേരി എന്നിങ്ങനെ മൂന്ന് ജംഗ്ഷനുകൾ കേന്ദ്രികരിച്ചു കൊണ്ടുള്ള ഈ നിർദ്ദേശം അടക്കം 12 പ്രാധന നിർദ്ദേശങ്ങളും ദേവസ്വത്തിനും, പഞ്ചായത്തിനും, പോലീസിനും, PWD ക്കും , ജില്ലാ കളക്ടർക്കും , മുഖ്യമന്ത്രിക്കും നൽകിയതായും മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി അറിയിച്ചു.
Mattannur Mananthavadi Airport Road Action Committee