തൃശ്ശൂർ : തൃശൂരിലെ വോട്ട് കൊള്ളയിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ നൽകിയ പരാതിയിൽ ആണ് പോലീസ് അന്വേഷണം. തൃശ്ശൂർ എസിപി പരാതി അന്വേഷിക്കും. വ്യാജ രേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉണ്ട്. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദ്ദേശം തേടാൻ പോലീസ് നീക്കം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

സുരേഷ് ഗോപിയുടെ അനിയനും ഇരട്ടവോട്ട് ഉണ്ടെന്ന വാർത്ത പുരത്തുവന്നിരുന്നു. സുഭാഷ് ഗോപിയ്ക്കും ഭാര്യ റാണി സുഭാഷിനും കൊല്ലത്തും തൃശൂരും ആണ് വോട്ടുള്ളത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസിൻ്റെ പേരിലാണ് വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 1116ാം നമ്പർ വിജ്ഞാന ഭവൻ ബൂത്തിലാണ് വോട്ട്. ക്രമനമ്പർ 1116 ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ റാണി സുഭാഷിനും വോട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ വിവരങ്ങളാണ് പുറത്ത് വന്നത്.
അതേസമയം സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശ്ശൂരിൽ വോട്ട്. കോട്ടയം പാലാ സ്വദേശി ബിജു പുളിക്കകണ്ടത്തിലും ഭാര്യയുമാണ് തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജുവിന്റെയും ഭാര്യയുടെയും വോട്ട് പാലാ നഗരസഭയിൽ ആണ്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ വോട്ട് തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിൽ ആയിരുന്നു.
തൃശൂർ വോട്ട് കൊള്ളയിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും ഉള്ളതായി വാർത്ത വന്നിരുന്നു. പൊൻകുന്നം ക്യാപിറ്റൽ C4 ലെ വോട്ടർ, എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറയുന്നു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ്. തദ്ദേശ വോട്ടർ പട്ടികയിൽ അജയകുമാറിന് വോട്ട് തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലത്താണ്. എസ് അജയകുമാറിനെ തിരിച്ചറിഞ്ഞത് വോട്ടർ ഐ ഡി നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആണ് പുതിയ കണ്ടെത്തൽ. എൽഡിഎഫ്, യുഡിഎഫ് ആരോപണങ്ങൾ സ്ഥിരീകരിക്കുന്നത് ആണ്.
തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവും കുടുംബവും നടത്തിയ ക്രമക്കേടിന്റെ വിവരങ്ങൾ ആണ് പുറത്തുവന്നത്. 2024 ൽ തൃശൂർ, ആലത്തൂർ പാർലമെൻറ് മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ ചേർത്തത് ആർഎസ്എസ് നേതാവ് ഷാജി വരവൂർ ആണ്. ഷാജിയുടെ ഭാര്യ സ്മിത, അമ്മ കമലാക്ഷി എന്നിവർക്കും ഇരു മണ്ഡലങ്ങളിലും വോട്ട് ഉണ്ട്. ഭാരതീയ വിചാര കേന്ദ്രം തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടിന്റെ തെളിവുകൾ പുറത്തുവന്നു.
ആലത്തൂർ മണ്ഡലത്തിലുൾപ്പെടുന്ന എട്ടാം വാർഡായ വരവൂരിലാണ് ഷാജിക്കും കുടുംബത്തിനും വോട്ട് ഉള്ളത്. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്താനായത്. ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയവർ നിരവധിപ്പേരാണ്.
ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കുന്നതും ബിജെപിയുടെ വാദങ്ങൾ തെറ്റാണെന്ന് അടിവരയിടുന്നതുമായ തെളിവുകളാണ് പുറത്തുവരുന്നത്.
Caseagainstsureshgopi