ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂണിറ്റ് യാഥാർഥ്യമാകുന്നു. രണ്ടാംവാർഡിൽ ആരംഭിക്കുന്ന വ്യവസായ യൂണിറ്റിന്റെ കെട്ടിടനിർമാണം പൂർത്തിയായി. സഞ്ചികളുൾപ്പെടെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് സമ്പൂർണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുക, സ്ത്രീകൾക്ക് തൊഴിലവസരമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂനിറ്റ് ആരംഭിക്കുന്നത്.
പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ പ്ലാൻ ഫണ്ട് വകയിരുത്തി 144 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. പഞ്ചായത്ത് എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. 2021 നവംബറിലാണ് എം.സി.എഫിന്റെ കെട്ടിടം നിർമിക്കാനായി 26.35 സെന്റ് സ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയത്. എം സി എഫിനുള്ള കെട്ടിടം നിർമിച്ചശേഷം ബാക്കിയുള്ള സ്ഥലത്താണ് വ്യവസായ യൂണിറ്റിനുള്ള കെട്ടിടം നിർമിച്ചത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിച്ചിട്ടുണ്ട്.

വനിതകൾക്കുള്ള തൊഴിൽ സംരംഭത്തിനായി അനുവദിച്ച ഏഴുലക്ഷം രൂപയും പഞ്ചായത്ത് പ്ലാൻഫണ്ടിൽ നിന്നുള്ള 3,75,000 രൂപയും ചേർത്ത് 10,75,000 രൂപയാണ് യന്ത്രങ്ങൾ സ്ഥാപിക്കാനായി മാറ്റിവെച്ചിട്ടുള്ളത്. യൂണിറ്റ് പ്രവർത്തന ക്ഷമമാകുമ്പോൾ ഇരുപതിലേറെ വനിതകൾക്ക് തൊഴിൽ ലഭിക്കും. തുണിസഞ്ചി, പേപ്പർബാഗ് എന്നിവയാണ് യൂണിറ്റിൽ ഉൽപാദിപ്പിക്കുക. വനിതകളുടെ സംരംഭം എന്ന നിലയിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങൾ സ്ഥാപിക്കൽ, ഫ്‌ളോറിങ്ങ് എന്നിവ പൂർത്തിയാകുന്നതോടെ സെപ്റ്റംബറിൽ ഉദ്ഘാടനം നടത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. യൂനിറ്റ് യാഥാർഥ്യമാകുന്നതോടെ ന്യൂമാഹി പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യത്തെയും പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾക്ക് ഇനി ഇടമുണ്ടാകില്ല.
Plastic