കണ്ണൂർ: ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര ഓഗസ്റ്റ് 25 ന് കെ.സി.വേണുഗോപാൽ എം.പി.ക്ക് സമ്മാനിക്കും. മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷൻ’ ഏർപ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരമാണ് ആഗസ്ത് 25 ന് ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടരി കെ.സി.വേണുഗോപാൽ എം.പി.ക്ക് സമ്മാനിക്കുക.ഡൽഹിലെ ഖാഇദെ മില്ലത്ത് സെൻ്ററിലുള്ള പാണക്കാട് കോൺഫറൻസ് ഹാളിൽ വെച്ച് മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിക്കും.
രാഷ്ട്രനന്മ ലക്ഷ്യമാക്കി മതേതരത്വത്തിനും ഭരണഘടനാ സംരക്ഷണത്തിനും ഊന്നൽ നൽകി മാതൃകാ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് ഇ. അഹമദ് സാഹിബിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിനാണ് പാർലിമെൻ്റംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടരിയുമായ കെ.സി. വേണുഗോപാലാൽ തെരഞ്ഞെടുക്കപ്പട്ടത്. ലോകത്തെ ഏറ്റവും വലിയ മതേതരജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിലും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്നതിലും മാതൃക പുലർത്തുന്ന ദേശീയ നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മംഗള പത്രവും മൊമെൻ്റേയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷം വഹിക്കും. പാർട്ടി അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ഖാദർ മൊയ്തീൻ ഇ. അഹമദ് അനുസ്മരണ പ്രഭാഷണം നടത്തും. എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്,അഡ്വ. ഹാരിസ് ബീരാൻ, കെ. നവാസ് കനി, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടരി അഡ്വ. പി.എം.എ. സലാം, മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ പ്രസംഗിക്കും. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.
ഇ. അഹമദ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടരിയും കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ടുമായ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതവും ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടരി നന്ദിയും പറയും.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.കെ. മുനീർ എം.എൽ.എ,പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹിമാൻ കല്ലായി, അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
E. Ahmad Memorial 'RASHTRA NANMA PURASKARAM'