കണ്ണൂര്‍:സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന്‍ എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടിക്ക് രൂപം കൊടുത്തു.
അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരക രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകള്‍, മിഷനുകള്‍ എന്നിവയുടെ യോഗത്തിന്റെ തുടര്‍ച്ചയായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30, 31 തീയതികളില്‍ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തുന്നതാണ് ആദ്യ ഘട്ടം. ഇതിനായ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മപരിപാടി തയ്യാറാക്കും.

സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം ഉപയോഗിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ ‘അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ ജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയില്‍ മാലിന്യം എത്തുന്ന വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ജനകീയ സഹകരണത്തോടെ സംഘടിപ്പിക്കും.
ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവ ഏകോപിപ്പിച്ചാണ് കര്‍മപരിപാടി സംഘടിപ്പിക്കുന്നത്. പൈപ്പ് വെള്ളം സംഭരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കുകള്‍ ഉള്‍പ്പെടെ ക്ലോറിനേറ്റ് ചെയ്യാനും കര്‍മ്മപരിപാടി തയ്യാറാക്കും. ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും.
Cleaningwatersources