ഇരിക്കൂര്‍: ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയിലുള്ള മയ്യില്‍, മലപ്പട്ടം, കുറ്റിയാട്ടൂര്‍, ഇരിക്കൂര്‍, പടിയൂര്‍-കല്യാട്, ഉളിക്കല്‍, പയ്യാവൂര്‍, എരുവേശ്ശി ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ ജലബജറ്റ് വിവരങ്ങള്‍ ക്രോഡീകരിച്ച്് ബ്ലോക്ക്പഞ്ചായത്ത് തയ്യാറാക്കിയ ജലബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മിച്ച ജലത്തെ വരുമാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ജലബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളാക്കും. ശാസ്ത്രീയ രീതിയില്‍ തയ്യാറാക്കിയ ജലബജറ്റ് റിപ്പോര്‍ട്ട് ഹരിത കേരളം സ്റ്റേറ്റ് മിഷന്റെ അംഗീകാരത്തോടെ ജല സുരക്ഷാ പദ്ധതി ആസൂത്രണത്തിനും നിര്‍വഹണത്തിനും ഉപകരിക്കും. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഓര്‍മ തുരുത്ത് ഒരുക്കലും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഒ.എസ് ലിസി അധ്യക്ഷയായി. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ മുനീര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി രേഷ്മ, ജോയിന്റ് ബി.ഡി.ഒ ലെജി, ഹരിത കേരളം മിഷന്‍ ആര്‍ പി പി.പി സുകുമാരന്‍, വനിതാ ക്ഷേമ ഓഫീസര്‍ സല്‍മ എന്നിവര്‍ സംസാരിച്ചു.
iritty