കാസർഗോഡ് : തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ബസിന് തകരാറില്ലെന്നും ടയറിന്റെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നും ആർടിഒയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറും.
ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന ഡ്രൈവർ നിജലിംഗപ്പ പൊലീസിന് നൽകിയ മൊഴി തെറ്റാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. പരിശോധനയിൽ ടയറിന് തേയ്മാനം മാത്രമാണുള്ളത് എന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധയും അപകടത്തിന് ഇടയാക്കിയിട്ടുണ്ട്. കർണാടക ആർ ടി സിയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ബസിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും 14 വർഷമായി സർവീസിലുള്ള നിജലിംഗപ്പ വാഹനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്നുമായിരുന്നു കർണാടക ആർടിസിയുടെ പ്രാഥമിക കണ്ടെത്തൽ. ഇതിനിടെ തലപ്പാടിയിൽ ഇന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കർണാടക ആർടിസി ബസുകൾ തടഞ്ഞു. ഫിറ്റ്നസ് ഇല്ലാതെ കേരളത്തിലേക്ക് വാഹനങ്ങൾ അയക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.അപകടത്തിൽ ആറ് കർണാടക സ്വദേശികളാണ് മരിച്ചത്.

Thalappadiaccident