ചെന്നൈ : ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് നീക്കം. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചത്.'
27 കാരനായ ദളിത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ നിര്‍ണായക നീക്കം.

ദുരഭിമാന കൊലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമ്പോള്‍ തന്നെ വിജയ്‌യുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ മധുരൈ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ), സിപിഐ, സിപിഐഎം തുടങ്ങിയ പാര്‍ട്ടികളും പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടിരുന്നു.
തിരുനല്‍വേലിയില്‍ ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിനാണ് ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു കവിന്‍ ഗണേഷ്.
Tvkgotosuprimecourt