തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന കൊള്ള ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ക്ഷേത്രത്തിലെ ക്രമക്കേട് വിവരം പുറത്തുവന്ന് ഒരു മാസത്തിലേറെ ആയിട്ടും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.ക്ഷേത്ര ട്രസ്റ്റിലെ പ്രധാനികളായ ചമ്പത് റായ് അടക്കമുള്ളവരെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും ജയ്റാം രമേശ് ആരോപിച്ചു. ക്ഷേത്രത്തിൽ നിന്ന് പ്രതിദിനം ലക്ഷക്കണക്കിന് രൂപ അപ്രത്യക്ഷമാകുന്നതായി പ്രത്യേക അന്വേഷണ സംഘം പോലും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചമ്പത് റായ് അടക്കമുള്ള ട്രസ്റ്റിമാരുടെ കൈവശമുള്ള ചില രഹസ്യങ്ങൾ കാരണമാണ് കേന്ദ്ര സർക്കാർ കർശന നടപടി എടുക്കാത്തതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും നടത്തുന്ന അന്വേഷണവും ചിലരെ രാജിവെപ്പിക്കുന്നതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം മാത്രമാണെന്നാണ് കോൺഗ്രസിന്റെ വിമർശനം. ഈ സാഹചര്യത്തിൽ ക്ഷേത്ര ഫണ്ടുകളിലും കാണിക്കപ്പണത്തിലും അടിയന്തരമായി ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.കാണിക്കപ്പണം നഷ്ടപ്പെട്ടതിൽ കേന്ദ്ര സർക്കാർ കൃത്യമായ മറുപടി നൽകണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നതടക്കം നാല് പ്രധാന ആവശ്യങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Content Highlight: Ayodhya Ram Mandir Donation Scam: Congress Slams PM Modi, Demands Supreme Court Probe





































