കൊച്ചി: അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ്. മെസ്സി ഡിസംബറിൽ ഇന്ത്യയിലേക്ക് എത്തും. എന്നാൽ ഷെഡ്യൂളിൽ കേരള സന്ദർശനം ഇല്ല. 60 കോടിയോളം രൂപ ആദ്യ ഗഡുവായി ടീമിന് സ്പോൺസർ നൽകിയിരുന്നു. കരാർ ലംഘനം നടന്നതിനാൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പണം തിരികെ നൽകിയേക്കില്ല. കൃത്യസമയത്ത് ആശയ വിനിമയവും സാമ്പത്തിക ഇടപാടും നടന്നില്ലെന്ന് സൂചന.
മെസി ഇന്ത്യയിൽ ഡിസംബർ 12നാണ് എത്തുന്നത്. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഡിസംബറിൽ ലയണൽ മെസ്സി ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക.

എന്നാൽ, മത്സരം നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇനിയും വരേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ മത്സരക്രമം പുറത്തുവിടുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, എം.എസ്. ധോനി എന്നിവർ മത്സരത്തിന്റെ ഭാഗമായേക്കും. ഇത് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.
Arjenrinateam