ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ് ആണ് പിടിയിലായത്. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
സോളദേവനഹള്ളി ആചാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോളജിൽ അഡ്മിഷൻ ലഭിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാർഥിനി ബെംഗളൂരുവിൽ എത്തിയത്. പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പി ജിയിലായിരുന്നു വിദ്യാർത്ഥിനി താമസിച്ചിരുന്നത്. എന്നാൽ ഇയാൾ മദ്യപിച്ചെത്തി വിദ്യാർഥിനിയുടെ മുറിയിൽ കയറി ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയും, തൊട്ടടുത്ത് നിർമാണം നടക്കുന്ന പി ജി കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് പെൺകുട്ടി തന്റെ സുഹൃത്തുകൾക്ക് മെസ്സേജ് അയച്ച് ഈ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ സമയം അഷറഫ് കാറിൽ കയറി ഓടി രക്ഷപെട്ടു.

പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചയോടെ ഇയാളെ സോളദേവനഹള്ളി പരിസരത്ത് നിന്ന് പിടികൂടുന്നത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നുവന്നിരുന്നു. ഇയാളുടെ കീഴിൽ പ്രവർത്തിക്കുന്ന, പി ജിയിൽ താമസമാക്കിയ വിദ്യാർഥികളോട് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പരാതി. നിലവിൽ ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Rapecaseatbangaluru