കണ്ണൂർ : സാംസ്‌കാരിക വകുപ്പും കേരള ഫോക് ലോർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'കർക്കിടക പെരുമ' ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാലത്തിന് പിന്നിലേക്ക് വലിക്കുകയല്ല കാലത്തിന്റ പിന്നിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ബോധ്യപ്പെടുത്തുകയാണ് ഫോക് ലോർ പഠനത്തിന്റെ ഉദ്ദേശമെന്ന് ഒ എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ അധ്യക്ഷനായി. കർക്കിടക മാസത്തിന്റെ സവിശേഷമായ ജീവിതരീതികൾ പുതിയ കാലത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സി.കെ രാമവർമ്മ വലിയരാജ, എസ്.ആർ.ഡി പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. 'കർക്കിടകവും കളരി ചികിത്സയും' എന്ന വിഷയത്തിൽ ഡോ. വേണുഗോപാൽ, 'പ്രാദേശിക ഫോക്ലോറിലെ പ്രകൃതി പാഠങ്ങൾ' എന്ന വിഷയത്തിൽ ഡോ. പി വസന്തകുമാരി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് കണ്ണൂർ നാട്ടുപൊലിക നാടൻ കലാ പഠനകേന്ദ്രം അവതരിപ്പിച്ച ചിമ്മാനക്കളി അരങ്ങേറി. ഉഴുന്ന്, പയർ, കൊത്തമ്പാരി എന്നിവ കൊണ്ട് തയ്യാർ ചെയ്ത കർക്കിടക കഞ്ഞികൾ വിതരണം ചെയ്തു. വൈവിധ്യമാർന്ന ഇലക്കറികളും ഒരുക്കി. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, അക്കാദമി നിർവാഹക സമിതി അംഗം സുരേഷ് സോമ, പ്രോഗ്രം ഓഫീസർ പി.വി ലവ്‌ലിൻ എന്നിവർ പങ്കെടുത്തു.
Fokloreaccademy