മാഹി: തലശ്ശേരി കുത്തുപറമ്പ് ഭാഗങ്ങളിൽ സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ പിടികൂടി ന്യൂ മാഹി പൊലീസ്. കാസർകോഡ് മേല്പറമ്പ് സ്വദേശി മുഹമ്മദ് ഷംനാസ് ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂന്നു സ്ഥലങ്ങളിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ചത്. ഭാര്യയുടെ സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഷംനാസ് മോഷണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് ഷംനാസിന്‍റെ പേരിൽ മോഷണം, ലഹരി കടത്ത് തുടങ്ങി പതിനഞ്ചോളം കേസുകൾ കാസർകോട് ഉണ്ട്. അതിൽ പന്ത്രണ്ടും മോഷണ കേസുകൾ ആണ്. ഭാര്യയുടെ പേരിൽ ഉള്ള യമഹ ഫസീനോ സ്കൂട്ടറിൽ നമ്പർ പ്ലേറ്റ് മാറ്റി ആണ് മോഷണം നടത്തി വന്നത്. രണ്ട് മാസങ്ങൾക്ക് മുന്നേ പ്രതി നാദാപുരത്തും സമാനമായി മോഷണം നടത്തിയിരുന്നു. അന്ന് പ്രതിയെ കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും മോഷണം നടത്തിയത്. തുടർന്ന് പ്രതി സഞ്ചരിച്ചു വന്നതും പോയതുമായ സ്ഥലങ്ങളിലെ 150പരം സിസിടിവി ക്യാമറകൾ പരിശോധിച്ച് ബേക്കൽ പൊലീസിന്‍റെ സഹായത്തോടെ കാസർകോട് വച്ചു പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ ബിനു മോഹൻ, എസ്ഐമാരായ പ്രശോബ്, രവീന്ദ്രൻ, എസ്ഐ പ്രസാദ്, ഷോജേഷ്, സി.പി.ഒ ലിബിൻ, കലേഷ്, സായൂജ്, റിജിൽ നാഥ്, വിപിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Koothuparamba