കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി. ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസ് പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി.
അന്വേഷണത്തിൽ പി.പി. ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അനുകൂലമായ സാക്ഷിമൊഴികൾ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണെന്നും ഇത് നിയമപരമായി നിലനിൽക്കാത്ത ഹർജിയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

എഡിഎമ്മായിരുന്ന കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പാളിച്ചകളും പോരായ്മകളും ഉണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കെ. മഞ്ജുഷയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
പോലീസ് നൽകിയ അവസാന റിപ്പോർട്ടിൽ പല രേഖകളും സാക്ഷിമൊഴികളും തെളിവുകളുമൊക്കെ മറച്ചുവെച്ചിട്ടുണ്ട്. കേസിലെ പ്രതിയായ പി.പി. ദിവ്യയെ സഹായിക്കുന്ന വിധത്തിലാണ് പലതും രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷപാതപരമായ രീതിയിലാണ് റിപ്പോർട്ട്. അതിനാൽ തുടരന്വേഷണത്തിന് നിർദേശം നൽകണം. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം തൃപ്തികരമായിരുന്നില്ല. കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും അവർ അന്വേഷിച്ചില്ല. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയില്ല. ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു എസ്ഐടി അന്വേഷണം. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺകോൾ രേഖകൾ, ചാറ്റുകൾ എന്നിവ പരിശോധിച്ചില്ല. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം.
നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കളക്ടറുടെ മൊഴിയിലും ഒരുപാട് വൈരുധ്യമുണ്ട്. എസ്ഐടി റിപ്പോർട്ടിൽ അക്കാര്യങ്ങൾ പറയുന്നില്ല. ഗൂഢാലോചനടക്കം പുറത്തുവരാൻ പുതിയ അന്വേഷണം വേണം. എസ്ഐടി അന്വേഷണത്തിലെ വീഴ്ച എണ്ണിപ്പറഞ്ഞാണ് അഡ്വ. ജോൺ എഫ്. റാൽഫ് മുഖേന പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്.
Ppdivyaagainstreinvestigation