തിരുവനന്തപുരം : വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഇവർ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. ആർഎസ്എസുമായുള്ള പാലമാണ് അജിത് കുമാർ. അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പ്രോസിക്യുട്ടറിനെ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, തീരുമാനം ആയിട്ടില്ല. ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നിട്ടും നിയമാനുസരണമുള്ള നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രതികളുടെ ഭാഗത്താണ് സർക്കാർ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാട് പ്രതിഷേധകരമാണ്. ഡോ ഹാരിസിനോടും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Sannyjosephmla