കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ചിരുന്നു. കോരങ്ങാട് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനയ ആണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെയാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
Amebic brain fever in Calicut