കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2024 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു. സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം (അച്ചടി, ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും നൽകും. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുളള യുവജനങ്ങളെ നാമനിർദേശം ചെയ്യാം. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/ യുവ/ അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജില്ലാ തലത്തിൽ അവാർഡിന് അർഹത നേടുന്ന ക്ലബ്ബിനെ സംസ്ഥാനതല അവാർഡിനായി പരിഗണിക്കും. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. സെപ്റ്റംബർ 15 വരെ അപേക്ഷ നൽകാം. മാർഗ നിർദേശങ്ങളും അപേക്ഷാ ഫോറങ്ങളും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, നിയർ സബ് ജയിൽ, കണ്ണൂർ -2 എന്ന വിലാസത്തിലും www.ksywb.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0497 22705460
kannur