കണ്ണൂർ : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒരുക്കിയ ഓണം ഫെയറിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്രമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അല്ലലില്ലാതെ ഓണം ആഘോഷിക്കുകയാണ് ഇത്തരം ഓണം ഫെയറുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സഞ്ചരിക്കുന്ന ഓണം ഫെയർ കണ്ണൂർ താലൂക്ക് പരിസരത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു. സെപ്റ്റംബർ നാല് വരെ രാവിലെ 10 മണി മുതൽ ഓരോ മണ്ഡലത്തിലെയും വിവിധ പ്രദേശങ്ങളിൽ വിൽപന നടത്തും. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും സബ്‌സിഡിയിലും അല്ലാതെയും ഈ വാഹനത്തിൽ നിന്നും ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ ആദ്യവിൽപ്പന നടത്തി. കണ്ണൂർ സ്വദേശി മുകുന്ദൻ സപ്ലൈകോ കിറ്റ് ഏറ്റുവാങ്ങി. കണ്ണൂർ സപ്ലൈകോ ഡിപ്പോ മാനേജർ എം.കെ ദ്വിജ, സപ്ലൈകോ കോഴിക്കോട് അസി. മേഖലാ മാനേജർ ടി.സി അനൂപ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ഇ.കെ പ്രകാശൻ, കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ എം. സുനിൽ കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.എസ്. ജോസഫ്, എം ഉണ്ണികൃഷ്ണൻ, സി ധീരജ്, അസ്ലം പിലാക്കീൽ, കെ.പി പ്രശാന്ത്, കെ.കെ രജിത്, രതീഷ് ചിറക്കൽ, എന്നിവർ സംസാരിച്ചു.
Sapplycoonamfair