കണ്ണൂർ : കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ അന്വേഷണ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പൊലീസ് കണ്ടെത്തിയ ആയുധം ഉപയോഗിച്ച് സെല്ലിന്റെ കമ്പി മുറിക്കാനാകില്ലെന്ന് സമിതി അംഗം ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും അന്വേഷണ സമിതി വ്യക്തമാക്കി.
കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് അന്വേഷണ സമിതിയുടെ പ്രതികരണം. പ്രഥമദൃഷ്ട്യാ തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച്ച വ്യക്തമാണെന്ന് സമിതി വിലയിരുത്തി. ജയിൽ ചാട്ടത്തിന് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പ് ഉണ്ടായിട്ടും കണ്ടെത്താനാകാത്തത് ഗുരുതര വീഴ്ച്ചയാണ്. പൊലീസ് തെളിവായി കണ്ടെത്തിയ ആയുധം ഉപയോഗിച്ച് സെല്ലിലെ ഇരുമ്പുകമ്പി മുറിച്ചുവെന്നതിൽ അവ്യക്തതയുണ്ടെന്നും അന്വേഷണ സമിതി വ്യക്തമാക്കി.

കാലപഴക്കം ചെന്ന സെല്ലുകളും, തകരാൻ സാധ്യതയുള്ള മതിലുകളും കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. ഇത് സുരക്ഷ ഭീഷണിയാണെന്ന് സമിതി വിലയിരുത്തി. ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായി അന്വേഷണ സമിതി ഈ കാര്യങ്ങൾ ചർച്ച ചെയ്തു. ഉത്തര മേഖല ജയിൽ ഡി ഐ ജി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും അന്വേഷണ സമിതി പരിശോധന നടത്തും.
Govindachamicase