കണ്ണൂർ: കണ്ണപുരം കീഴറ വേന്തീയിൽ ഒരാൾ മരിക്കാനിടയായ സ്ഫോടനക്കേസിലെ പ്രതി ചാലാട് പന്നേൻപാറയിലെ അനൂപ് മാലിക്കി(56)നെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട്ടുനിന്ന് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഞായറാഴ്ച വൈകിട്ടാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ഇതിനിടെ,സ്ഫോടകവസ്തുനിർമാണവുമായി തനിക്ക് ബന്ധമില്ലെന്ന് അനൂപ് മാലിക് ആവർത്തിക്കുന്നത് പോലീസിനെ കുഴക്കുകയാണ്. ശനിയാഴ്ച പുലർച്ചെ കീഴറ വേന്തീയിലെ വാടകവീട്ടിലെ അനധികൃത ഗുണ്ട് നിർമാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അനൂപിന്റെ ഭാര്യാ സഹോദരൻ ചാലാട് ടെമ്പിൾ റോഡ് ജന്നത്തിൽ കെ.എ.മുഹമ്മദ് അഹ്സാം (43) മരിച്ചിരുന്നു.

കീഴറയിലെ വീട്ടിൽ സൂക്ഷിച്ച വെടിമരുന്ന് എവിടെനിന്നാണ് എത്തിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അനൂപിന് അറിയാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ കാര്യങ്ങൾ മരിച്ച ഭാര്യാസഹോദരനുമാത്രമേ അറിയുള്ളൂവെന്ന നിലപാടാണ് അനൂപിന്. അത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അനധികൃത നിർമാണവുമായി ഇയാളെ ബന്ധിപ്പിക്കാവുന്ന തെളിവുകൾ പരമാവധി ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കീഴറയിലെ വീട്ടിൽ അനൂപ് മിക്കപ്പോഴും എത്തിയിരുന്നതായി പോലീസിന് വിവരമുണ്ട്. സ്ഫോടക വസ്തുക്കൾ കൈകാര്യംചെയ്യുന്ന ഇയാളുടെ പശ്ചാത്തലംതന്നെ നിർണായകമാണെന്നാണ് പോലീസ് പറയുന്നത്.വീടിന്റെ വാടക അനൂപാണ് നൽകിയിരുന്നതെന്ന് മനസ്സിലായിട്ടുണ്ട്. ഭാര്യാസഹോദരൻ തന്ന വാടകത്തുക വീട്ടുടമസ്ഥന് കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇക്കാര്യത്തിൽ ഇയാളുടെ വാദം. വീട് വാടകയ്ക്കെടുക്കുമ്പോൾ വാടകക്കരാർ ഉൾപ്പെടെയുള്ള രേഖകൾ തയ്യാറാക്കിയിട്ടില്ല. ചെറുവാഞ്ചേരി സ്വദേശിയുടെ തിരിച്ചറിയൽ കാർഡാണ് വീട്ടുടമയ്ക്ക് നൽകിയത്.കീഴറയിലെ വീട്ടിൽ ശേഖരിച്ചുവെച്ച വെടിമരുന്ന് മുഴുവൻ ഒന്നിച്ച് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽത്തന്നെ എത്ര അളവിലുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താനാകില്ല. എവിടെനിന്നാണ് വെടിമരുന്ന് ഇവിടേക്ക് കൊണ്ടുവന്നതെന്നതാണ് കണ്ടെത്തേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. ജില്ലയിൽ മറ്റെവിടെയെങ്കിലും സമാനരീതിയിൽ സ്ഫോടകവസ്തു നിർമാണം നടക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 2016 മാർച്ചിൽ പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിലെ ഇരുനില വീട്ടിലുണ്ടായ സ്ഫോടനം ഉൾപ്പെടെ അഞ്ചുകേസുകൾ അനൂപിന്റെ പേരിലുണ്ട്.ജില്ലയുടെ പല ഭാഗങ്ങളിലും വാടകയ്ക്ക് വീടെടുത്ത് വ്യാപകമായി സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന അനൂപിന് വിവിധ രാഷ്ട്രീയനേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുണ്ട്.
Kannapuramcase