ഇരിട്ടി: ഇരിട്ടി ടൗണും പരിസരപ്രദേശങ്ങളും വീണ്ടും തെരുവ് നായ്ക്കളുടെ പിടിയിൽ. രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന തെരുവ് നായ്ക്കൾ അന്തർ സംസ്ഥാന യാത്രക്കാർക്ക് ഭീഷണി ആകുന്നു. പകൽ സമയത്ത് കെട്ടിടങ്ങളുടെ കോണുകളിലും ആളൊഴിഞ്ഞ കോണുകളിലും തമ്പടിക്കുന്ന തെരുവ് നായ്ക്കൾ രാത്രിയായാൽ കൂട്ടത്തോടെ എത്തി അക്രമ സ്വഭാവം കാണിക്കുന്നത് പതിവായിരിക്കുകയാണ്. ഇതോടെ രാത്രികാലങ്ങളിൽ ബംഗളൂരു,മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ എത്തുന്നവർ തെരുവ് നായ്ക്കളുടെ അക്രമണ ഭീഷണിയിലാണ്. കഴിഞ്ഞദിവസം ബംഗളൂരുവിലേക്ക് പോകാൻ എത്തിയ യാത്രക്കാരൻ പകർത്തിയ ചിത്രങ്ങളും അവരുടെ അനുഭവവും ഭയാനകമാണ്. കൂട്ടത്തോടെ എത്തിയ തെരുവുനായ കൂട്ടം ഒരു പൂച്ചക്കുട്ടിയെ ആക്രമിച്ച് ക്രൂരമായി കടിച്ച് കൊലപ്പെടുത്തിയ ശേഷം യാത്രക്കാർക്ക് നേരെയും ആക്രമണ സ്വഭാവത്തോടെ പെരുമാറി എന്നാണ് യാത്രക്കാരൻ പറയുന്നത്. ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലൂടെയും വാഹനത്തിനടിയിലൂടെയും പൂച്ചക്കുട്ടിയെ ഓടിച്ച് അതിക്രൂരമായി ആണ് നായ്ക്കൾ കടിച്ചു കൊന്നത്. കൊച്ച് കുട്ടികൾ അടക്കം ബസ് കാത്തു നിന്നവർ ഇതുകണ്ട് ഭയന്ന് നിലവിളിച്ചത് ആണ് യാത്രക്കാരൻ പറയുന്നത്. ടൗണിന്റെ വിവിധ കോണുകളിൽ നിന്നായി 15 അധികം തെരുവ് നായ്ക്കൾ ടൗണിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കുന്നതായി യാത്രക്കാരൻ പറയുന്നു. ഇവ പരസ്പരം ആക്രമിക്കാൻ ശ്രമിക്കുന്നതും യാത്രക്കാരിൽ ഭീതി ഉളവാക്കുന്നതായി യാത്രക്കാരൻ പറഞ്ഞു.നഗരസഭ അടിയന്തര നടപടി സ്വീകരിക്കണം.
തലശ്ശേരി മൈസൂര് അന്തർ സംസ്ഥാന പാതയിൽ തിരക്കേറിയ ടൗൺ കൂടിയാണ് ഇരിട്ടി. ദിവസവും രാത്രി നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നത്. ഭൂരിഭാഗം യാത്രക്കാരും രാത്രി സമയങ്ങളിൽ ആണ് യാത്ര ചെയ്യുന്നത്. നിരവധി കെഎസ്ആർടിസി, ടൂറിസ്റ്റ് ബസ്സുകളാണ് രാത്രികാല സർവീസ് നടത്തുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ ഇരിട്ടിയിൽ എത്തിയാണ് യാത്ര ചെയ്യുന്നത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും അടങ്ങുന്ന യാത്രക്കാരാണ് രാത്രികാലങ്ങളിൽ തെരുവ് നായ്ക്കളുടെ ഭീഷണി ഭയന്ന് ബസ് കാത്തു നിൽക്കുന്നത്. നഗരസഭ അടിയന്തിരമായി ഇടപെട്ട് രാത്രികാലത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Streatdogsatirritty