പുല്‍പ്പള്ളി :പുല്‍പ്പള്ളി കള്ളക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കള്ളക്കേസില്‍ കുടുങ്ങിയ തങ്കച്ചന്‍ അഗസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മുഖ്യപ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടക വസ്തുകൊണ്ടുവെച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു സമീപത്തുനിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പോലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്.

mananthavady