കോയമ്പത്തൂർ: ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം. ബുക്കിങ് റദ്ദാക്കേണ്ടിവരുന്നവർക്ക് പണം മടക്കിനൽകാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളി സ്ത്രീക്ക് 18 ലക്ഷം രൂപ നഷ്ടമായി. അടുത്തിടെ കോയമ്പത്തൂർ നഗരത്തിൽമാത്രം 50 പേർ തട്ടിപ്പിനിരയായതായി പൊലീസ് പറയുന്നു.
കോവൈപുതൂരിൽ താമസിക്കുന്ന മലയാളിയായ 60കാരി സ്വകാര്യ യാത്രാസൈറ്റ് വഴി മുറി ബുക്ക് ചെയ്തിരുന്നു. യാത്ര വേണ്ടെന്നുവെച്ചതിനാൽ മുറി ബുക്ക് ചെയ്തതിന്റെ പണം തിരികെ ലഭിക്കുന്നതിന് സൈറ്റിൽ പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് റദ്ദാക്കിയതിന്റെ പണം മടക്കിവാങ്ങുന്നതിന് സഹായിക്കാമെന്ന പേരിൽ ഫോൺനമ്പർ കണ്ടു. ഈ നമ്പറിൽ വിളിച്ചപ്പോൾ യാത്രാസൈറ്റിന്റെ കസ്റ്റമർകെയർ എക്സിക്യൂട്ടീവാണെന്നുപറഞ്ഞ് ഒരാൾ സംസാരിച്ചു.

പണം തിരികെ ലഭിക്കുന്നതിന് അപേക്ഷ അയക്കാൻ ആവശ്യപ്പെട്ടു. ഇ-മെയിൽ വഴി അപേക്ഷ നൽകിയപ്പോൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ പണമയക്കേണ്ട അക്കൗണ്ട് നമ്പറും മറ്റും ആവശ്യപ്പെട്ടു. ഇത് നൽകിയതോടെ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് 18 ലക്ഷം രൂപ കവർന്നെന്ന് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Onlinebookingsite