തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരുന്നതാണ് ഉചിതമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തെ നിയോഗിച്ചതിൽ ചില മുതിർന്ന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രൻ പക്ഷവും കേന്ദ്ര നേതൃത്വവും ബിനോയ് വിശ്വത്തിന് അനുകൂലമായാണ് നിലകൊണ്ടത്. 25ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന മണ്ഡലം സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും ബിനോയ് വിശ്വത്തിന്റെ ശൈലിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

സി.കെ. ചന്ദ്രപ്പൻ, വെളിയൻ ഭാർഗവൻ തുടങ്ങിയ നേതാക്കൾ സിപിഐഎമ്മിന്റെ ‘വല്യേട്ടൻ’ മനോഭാവത്തിനെതിരെ കർക്കശ നിലപാടെടുത്തത് പോലെ ബിനോയ് വിശ്വം സിപിഐയുടെ വേറിട്ട ശബ്ദമായി നിലകൊള്ളുന്നില്ലെന്നാണ് ജില്ലാ സമ്മേളനങ്ങളിൽ പൊതുവേ വിമർശനം ഉയർന്നത്. സിപിഐ സ്വീകരിച്ചുവന്ന നിലപാടുകളിൽ കാനം രാജേന്ദ്രനെ പോലെ ബിനോയ് വിശ്വവും വെള്ളം ചേർക്കുന്നുവെന്നും വിമർശനം ഉണ്ടായി. കെ.ഇ. ഇസ്മയിൽ പക്ഷമാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നാണ് ബിനോയ് വിശ്വത്തിന്റെയും കൂട്ടരുടെയും വാദം.
വിമർശനങ്ങൾ ഒരു ഭാഗത്തുനിന്ന് ഉയരുമ്പോഴും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരുന്നതാണ് ഉചിതമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കുന്നതോടെ വിമർശനങ്ങൾക്ക് അറുതി വരുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു. ഇടതുമുന്നണി സംവിധാനത്തിന് കോട്ടം തട്ടുന്ന ഗുരുതരമായ പരസ്യ പ്രസ്താവനകൾ സിപിഐ സംസ്ഥാന നേതൃത്വo നടത്താത്തത് പോരായ്മ അല്ലെന്നും ബിനോയ് വിശ്വത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു.
Binoyviswamcpi